Banner Ads

ഭക്ഷണം കഴിക്കാൻ ഒരു കൈയിലെ വിലങ്ങഴിച്ചു; പോലീസിനെ വെട്ടിച്ച് ലഹരി കേസ് പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു

മലപ്പുറം : പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത് കൊണ്ടുവന്ന ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. കൊണ്ടോട്ടി പോലീസ് 19 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടായത്. ജയിലിനു പുറത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കാനായി ഒരു കൈയ്യിലെ വിലങ്ങു അഴിച്ചപ്പോൾ പ്രതി രക്ഷപെടുകയായിരുന്നു.

പോലീസുകാർ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. അമീർ ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.