Banner Ads

കോട്ടക്കലിൽ സ്കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

മലപ്പുറം : കോട്ടക്കൽ എടരിക്കോട് പാലച്ചിറമാടിലുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. തെന്നല പൂക്കിപ്പറമ്പ് അപ്ല സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്. അപകടത്തിൽ അഷിതയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് പ്രജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

പാലച്ചിറമാട് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷിതയുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ പ്രജിത കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ കോട്ടക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിച്ചു.