
കൊല്ലം : റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് എടുക്കുന്നതിനിടയിലാണ് സംഭവം.
അതിവേഗത്തിൽ ബൈക്കോടിക്കുന്നതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടുകയും രണ്ട് ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും രണ്ടാമത്തെ ബൈക്ക് സമീപത്തുണ്ടായിരുന്ന ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി.
ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കളെ ഉടൻ തന്നെ ശാസ്താംകോട്ട ഭരണിക്കാവിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അരവിന്ദിന്റെ ജീവൻ രക്ഷിക്കാനായില്ല.