
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന വനിതാ രോഗിയെ കാണാതായി. കഴിഞ്ഞ ദിവസം മുതലാണ് വാർഡിൽ നിന്നും കാണാതായത്.
മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ ഇവരെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസിന്റെ അപേക്ഷപ്രകാരം തിരൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിലൂടെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം 19 മുതൽ ഇവർ കേന്ദ്രത്തിൽ നിരീക്ഷണത്തിലും ചികിത്സയിലുമായിരുന്നു.
രോഗിയെ കാണാതായ വിവരം ആശുപത്രി അധികൃതർ ഉടൻ തന്നെ മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നു. അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ഇവർ ജന്മനാടായ കുറ്റിപ്പുറം ഭാഗത്തേക്ക് പോയതാണോ അതോ മറ്റെവിടെയെങ്കിലും എത്തിയതാണോ എന്ന് കണ്ടെത്താൻ കുറ്റിപ്പുറം പോലീസിന്റെ സഹായത്തോടെയും അന്വേഷണം പുരോഗമിക്കുകയാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രോഗികൾ ചാടിപ്പോകുന്നത് ഇതാദ്യമായല്ല.
മുൻപും സമാനമായ രീതിയിൽ അന്തേവാസികൾ മതിൽ ചാടിയും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചും കടന്നുകളഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ പോരായ്മകൾ വീണ്ടും തുറന്നുകാട്ടുന്നതാണ് ഈ സംഭവം.