Banner Ads

അക്കരെ കൊട്ടിയൂരിൽ ഭക്തിസാന്ദ്രമായി രേവതി ആരാധന; തിരുവഞ്ചിറയിലേക്ക് ഒഴുകിയെത്തി പതിനായിരങ്ങൾ

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവ ചടങ്ങുകളിലെ പ്രധാന നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രേവതി ആരാധന തൊഴാൻ പതിനായിരക്കണക്കിന് തീർത്ഥാടകരാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്.

പതിവ് ശീവേലിയോടൊപ്പം സ്വർണ കുടം, വെള്ളിക്കുടം, വെള്ളി വിളക്ക് വെള്ളിത്തട്ട് തുടങ്ങിയ പൂജാപാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയും ഉണ്ടായി. ബുധനാഴ്ച വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്നും എത്തിച്ച പഞ്ചഗവ്യം ബാവലിപ്പുഴക്കരയിൽ വെച്ച് തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ചു.

തുടർന്ന് ആരാധന പൂജയ്ക്ക് ശേഷം സ്വയംഭൂ ശിലയിൽ പഞ്ചഗവ്യം, നവകം, കളഭം എന്നിവയോടെയുള്ള മഹാഅഭിഷേകങ്ങൾ നടന്നു. വിശേഷാൽ പൂജകൾക്കും ശീവേലിക്കും ശേഷം കോവിലകം കൈയാലയിൽ ഭക്തർക്കായി ആരാധന സദ്യയും വിളമ്പി. ഉച്ചയോടെ തിരുവഞ്ചിറ തീർഥാടകരാൽ നിറഞ്ഞു.