
കൊച്ചി : താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്.
തനിക്കെതിരെ ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപങ്ങളും വർഗീയ പരാമർശങ്ങളും നടത്തുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്നും കാണിച്ച് അൻസിബ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുൻപ് മേലുദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തുമെന്നാണ് കടവന്ത്ര പോലീസ് അറിയിച്ചിരിക്കുന്നത്. അൻസിബയുടെ മൊഴിപ്പകർപ്പ് എസിപിക്കും ഡിസിപിക്കും കൈമാറി.
നടി നീനാ കുറുപ്പിന്റെ മൊഴിയെടുക്കുന്ന കാര്യത്തിലും പോലീസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടും. അതേസമയം പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് അൻസിബ.
അമ്മ സംഘടനയുടെ മുന്നോട്ടുപോക്കിനെത്തന്നെ ബാധിച്ച ആഭ്യന്തര തർക്കങ്ങളുടെ തുടക്കം ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ്.
ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടിയുടെ സ്പോൺസർമാരായി എത്തിയത്. ഒരു മതസ്ഥാപനം അമ്മയുടെ ഔദ്യോഗിക പരിപാടിയുടെ സ്പോൺസർമാരാകുന്നതിനെ അൻസിബ ഹസൻ ഉൾപ്പെടെയുള്ള ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു.
കുടുംബ സംഗമത്തിന് പിന്നാലെ അൻസിബ സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജിവെച്ചതെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോൻ ആദ്യം വ്യക്തമാക്കിയത്.
എന്നാൽ തന്റെ രാജിക്ക് പിന്നിൽ ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ വേട്ടയാടലുകളും മാനസിക പീഡനങ്ങളുമാണെന്ന് അൻസിബ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബത്തെപ്പോലും ടിനി ടോം ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും താരം പരാതിയിൽ പറയുന്നു.