
കൊച്ചി : മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്. ഹാസ്യത്തിന്റെ തമ്പുരാനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് വടക്കൻ പറവൂർ ടൗൺഹാളിലേക്ക് ഒഴുകിയെത്തിയത്.
രാവിലെ എട്ടുമണിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി എത്തിച്ച ഭൗതികശരീരം ഉച്ചയ്ക്ക് രണ്ട് മണി വരെ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദ ർശന ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോയത്.
വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം പ്രിയനടനെ യാത്രയാക്കുക. മരണാനന്തര ചടങ്ങുകളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് താരം മുൻപേ തന്നെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ പറവൂർ ടൗൺഹാളിൽ എത്തി സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ചു. വലിയ ജനപ്രവാഹമാണ് പ്രിയതാരത്തെ അവസാനമായി കാണാൻ പറവൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.