Banner Ads

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഇന്നലെ മാത്രം ആറ് മരണം

തിരുവനന്തപുരം : കാലവർഷം കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. അതിശക്തമായ മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്നലെ മാത്രം സംസ്ഥാനത്ത് ആറ് പേർക്ക് ജീവൻ നഷ്ടമായി. കാസർകോട് ആദൂരിൽ കനത്ത മഴയെത്തുടർന്ന് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരണപ്പെട്ടു.

കുറ്റ്യാടിപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസ്സുകാരനായ മകൻ ശിവാനന്ദ് എന്നിവരാണ് മരിച്ചത്. മണലൂരിൽ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വിഷ്ണു എന്ന യുവാവ് മരണപ്പെട്ടു.

പട്ടിമറ്റത്ത് സുഹൃത്തുക്കളോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീൽ എന്ന വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിമരിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.