
കൊച്ചി : പ്രിയ സഹപ്രവർത്തകൻ സലിം കുമാറിന്റെ വിയോഗത്തിൽ വികാരാധീനയായി നടി നവ്യാ നായർ. സഹപ്രവർത്തകൻ എന്നതിലുപരി ഷൂട്ടിങ് ലൊക്കേഷനുകളിൽ എല്ലാവരെയും സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്ന് നവ്യാ നായർ അനുസ്മരിച്ചു.
രാവിലെ വന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചു. ഒരുപാട് ഒന്നിച്ച് യാത്ര ചെയ്തു. വളരെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു. ഇത്രയും ചെറുപ്പത്തിൽ ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല. വരുന്ന വഴിയിലുടനീളം കനത്ത മഴയായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമൊരു ഡയലോഗുണ്ട് ആത്മാവിന്റെ സന്തോഷമാണ് മഴ എന്ന്. വഴിയിലുടനീളം മനസ്സിൽ ആ വരികളായിരുന്നു.
ഹാസ്യനടനിൽ നിന്നും ഗൗരവമുള്ള സ്വഭാവ നടനിലേക്ക് മാറുകയും പിന്നീട് നാഷണൽ അവാർഡ് വരെ നേടി മലയാളികൾക്ക് എക്കാലവും അഭിമാനമായി മാറുകയും ചെയ്ത വ്യക്തിയാണ് നമ്മുടെ പ്രിയപ്പെട്ട സലീമേട്ടൻ. അദ്ദേഹത്തിന്റെ വേർപാട് സിനിമയ്ക്കും വ്യക്തിപരമായും വലിയൊരു നഷ്ടമാണ്. പ്രിയ കലാകാരന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടാണ് നവ്യാനായർ വാക്കുകൾ അവസാനിപ്പിച്ചത്.