ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാൻ തീരുമാനമായി. ഉദയനിധിയെ സുപ്രധാന ഉത്തരവാദിത്തങ്ങളോടെ വളർത്തിയെടുക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പായി ഈ നീക്കത്തെ കാണുന്നു. തമിഴ് നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി എത്തുന്നതാണ് പുനഃസംഘടനയിലുള്ള പുതിയ മാറ്റം. കൈക്കൂലി കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ കൊണ്ട് വരാനും ഇന്നലെ കൂടിയ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
ക്ഷീരവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മനോ തങ്കരാജ് ഉൾപ്പെടെ മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. ഇവർക്ക് പകരമായി പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നു. ഡോ.ഗോവി ചെഴിയൻ, ആർ.രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവർ ഇന്ന് വൈകിട്ട് 3.30 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. പുതുതായി നിയമിതനായ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ യുവജനക്ഷേമ, കായിക വികസന മന്ത്രി എന്ന നിലയിലുള്ള നിലവിലെ റോളിന് പുറമേ ആസൂത്രണ വികസന മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സുപ്രധാന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമാണ് ഈ മാറ്റം.
തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാർശ ഗവർണർ ആർ എൻ രവി അംഗീകരിച്ചു. രണ്ട് ദിവസം മുമ്പ് സുപ്രീം കോടതി ജാമ്യം അനുവദിച്ച മുൻ മന്ത്രി വി സെന്തിൽ ബാലാജിയെ ഉൾപ്പെടുത്തിയതും ഈ പുനഃസംഘടനയിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നല്കുകയും അടുത്തിടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.