Banner Ads

ലൈസൻസുമില്ല, വൃത്തിയുമില്ല! കൂടരഞ്ഞിയിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തി പന്നിഫാം; അടിയന്തരമായി പൂട്ടണമെന്ന് ആവശ്യം

കോഴിക്കോട് : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നായാടംപൊയിലിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി പരാതി. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പന്നികളാണ് ഇവിടെ അജ്ഞാത രോഗം ബാധിച്ച് ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടുത്ത ആരോഗ്യഭീഷണി ഉയർന്നിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.

പുന്നക്കൊമ്പില്‍ ജിബിന്‍ എന്നയാളുടെ ഫാമിലാണ് സംഭവം. ലൈസന്‍സില്ലാതെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാരും ജനപ്രതിനിധിയും ആരോപിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ടുവന്ന് ഈ ഫാം പരിസരത്ത് തള്ളുന്നത് വലിയ രീതിയിലുള്ള ദുർഗന്ധത്തിനും മലിനീകരണത്തിനും കാരണമാകുന്നുണ്ട്. മഴ പെയ്യുമ്പോൾ ഈ ഫാമിലെ മലിനജലം ഒലിച്ചിറങ്ങുന്നത് സമീപത്തെ മഞ്ഞക്കടവ് പുഴയിലേക്കാണ്.

നിരവധി കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്ന പുഴയായതിനാൽ പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനത്തിന് ഇത് കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. അടിയന്തരമായി ഫാം പൂട്ടിച്ച് പ്രദേശത്തെ ആരോഗ്യസുരക്ഷിതത്വം ഉറപ്പാക്കണമെന്നും പന്നികൾ ചത്തൊടുങ്ങുന്നതിൻ്റെ കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.