
തിരുവനന്തപുരം : നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നരവയസുകാരൻ നേരിട്ടത് അതിക്രൂരമായ പീഡനങ്ങളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിലുടനീളം 51 മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ മുറിവേറ്റ പാടുകളും കാലുകളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിഞ്ചുകുഞ്ഞിനോട് കാട്ടിയ കൊടുംക്രൂരതയുടെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും. കുട്ടിയുടെ അച്ഛന്റെ മരണശേഷമാണ് അമ്മ അഖില കുഞ്ഞുമായി മാറിത്താമസിക്കാൻ തുടങ്ങിയത്.
അച്ഛന്റെ വീട്ടുകാർ കുഞ്ഞിനെ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ നൽകാമെന്ന് അഖിലയുടെ വീട്ടുകാർ ഉറപ്പ് നൽകിയിരുന്നതുമാണ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതോടെയാണ് അഖിലയും പങ്കാളിയും കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധുക്കൾക്ക് സംശയം തോന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ അഖില, ഇവരുടെ പങ്കാളി അഷ്കർ എന്നിവരെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.