Banner Ads

ബിർനാണീം പൊരിച്ച കോഴീം താരം ശങ്കു വീണ്ടും കളം നിറയുന്നു; മന്ത്രിയുടെ പ്രസംഗത്തിലെ അബദ്ധം തിരുത്തി കുട്ടിത്താരം

ആലപ്പുഴ : അംഗനവാടിയിലെ ഭക്ഷണത്തിൽ ബിർനാണീം പൊരിച്ച കോഴീം വേണമെന്ന ഒരൊറ്റ വീഡിയോയിലൂടെ കേരളക്കരയുടെ സ്നേഹം നേടുകയും അംഗനവാടി മെനു പരിഷ്കരണത്തിന് തന്നെ കാരണക്കാരനാവുകയും ചെയ്ത ശങ്കു വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇത്തവണ മന്ത്രിക്ക് പറ്റിയ അബദ്ധം നിഷ്കളങ്കമായി തിരുത്തിക്കൊണ്ടാണ് ശങ്കുവിന്റെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. അംഗനവാടികളിൽ ബിരിയാണി നൽകുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ശങ്കു ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.

പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന. ഇത്രേ ഉള്ളൂ കാര്യം എന്ന് ശങ്കു പറയുന്നു. ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അംഗനവാടിയിലെ വിദ്യാർത്ഥിയായിരുന്നു തൃജൽ എസ് സുന്ദർ എന്ന ശങ്കു.

പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദരന്റെയും അശ്വതിയുടെയും മകനാണ്. ശങ്കുവിന്റെ പഴയ വൈറൽ വീഡിയോയെത്തുടർന്ന് അന്നത്തെ മന്ത്രി വീണ ജോർജ് ഇടപെട്ടാണ് അംഗനവാടികളിലെ ഭക്ഷണ മെനു പരിഷ്കരിച്ചത്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറച്ചു.

കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജവും പ്രോട്ടീനും അടങ്ങിയ രുചികരമായ അനുപൂരക പോഷകാഹാരങ്ങളാണ് പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും ഉൾപ്പെടുത്തിയത്. പത്തനംതിട്ടയില്‍ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു അന്ന് മന്ത്രിയുടെ ഈ ജനപ്രിയ പ്രഖ്യാപനം.