Banner Ads

കോട്ടയത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് തകർത്ത് മോഷണശ്രമം: തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറി

കോട്ടയം: ഗാന്ധിനഗറിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ വൻ മോഷണശ്രമം. ഔട്ട്‌ലെറ്റിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഓഫിസിനുള്ളിൽ പരക്കെ മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ ജീവനക്കാർ ഔട്ട്‌ലെറ്റ് തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ഉടൻ തന്നെ ഗാന്ധിനഗർ പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പണം സൂക്ഷിച്ചിരുന്ന ക്യാഷ് ചെസ്റ്റ് സുരക്ഷിതമാണെന്നും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മദ്യം മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ സ്റ്റോക്ക് പരിശോധന പുരോഗമിക്കുകയാണെന്ന് ബിവറേജസ് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ്, പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.