
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാലുകളിൽ ഇറച്ചി-കോഴി അവശിഷ്ടങ്ങൾ വ്യാപകമായി തള്ളുന്നത് പെരുമ്പാമ്പുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട്. നഗരത്തിൽ ഇത്രയധികം പെരുമ്പാമ്പുകൾ താവളമടിക്കുന്നത് ഇതാദ്യമായാണെന്ന് വനംവകുപ്പ് അധികൃതരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്.
കോടതിപ്പാലത്തിന് സമീപമുള്ള അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിലെ വലയിൽ കുടുങ്ങിയ വലിയ പെരുമ്പാമ്പിനെ ബുധനാഴ്ച രാവിലെ 10.30 ഓടെ വനംവകുപ്പിന്റെ ‘സർപ്പ’ പ്രതിനിധി ജിബിൻ പിടികൂടി. ചൊവ്വാഴ്ചയും ഇതേ സ്ഥലത്തുനിന്ന് മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ജനുവരിയിൽ ശവക്കോട്ടപ്പാലത്തിന് സമീപത്തുനിന്ന് നാല് പെരുമ്പാമ്പുകളെയും, കഴിഞ്ഞ ദിവസങ്ങളിൽ കളർകോട് ഭാഗത്തുനിന്നും പാമ്പുകളെ പിടികൂടിയിരുന്നു.
എടത്വാ തലവടി പഞ്ചായത്തിലെ തുണ്ടിയിൽ ജോർജുകുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ വലിയ പെരുമ്പാമ്പിനെ സ്നേക്ക് റെസ്ക്യൂ പ്രവർത്തകൻ ചാർലി വർഗീസ് പിടികൂടി വനപാലകർക്ക് കൈമാറി.നഗരത്തിലെ അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും വ്യാപകമായി കനാലുകളിലേക്കാണ് തള്ളുന്നത്. ഇത് പെരുമ്പാമ്പുകൾക്ക് യഥേഷ്ടം ആഹാരം ലഭിക്കാൻ കാരണമാകുന്നു.പെരുമ്പാമ്പുകൾക്ക് വിഷമില്ലെങ്കിലും ഇവയുടെ കടിയേറ്റാൽ അപകടം ഗുരുതരമാണ്.
ഇവയുടെ കടിയേറ്റാൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാകാനും, വലിയ തോതിൽ രക്തസ്രാവത്തിനും അണുബാധയ്ക്കും (Infection) സാധ്യതയുണ്ട്. കടിയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ ചികിത്സ തേടണം.ജീവന് അപകടമുണ്ടെന്ന് തോന്നിയാൽ മനുഷ്യരെ ഒതുക്കി ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിക്കാൻ ഇവ ശ്രമിക്കാറുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.