
പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിനെത്തിയ ഡൽഹി സ്വദേശിയായ മോഡൽ മുങ്ങിമരിച്ച കോടനാട്ടെ പാറമടയിൽ, സിനിമാ-പരസ്യ സംഘം എത്തിയത് പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും കൂടാതെ. ചാലക്കുടി ആസ്ഥാനമായുള്ള ഒരു ഏജൻസിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല. പെരുന്നാൾ പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ, നാളെ (അടുത്ത ദിവസം) പഞ്ചായത്തിൽ നിന്ന് ഔദ്യോഗിക അനുമതി വാങ്ങാനിരിക്കുകയായിരുന്നു തങ്ങളെന്നാണ് ചിത്രീകരണ സംഘം കോടനാട് പൊലീസിന് നൽകിയ വിശദീകരണം.
ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായാണ് ഡൽഹിയിൽ നിന്ന് നാലംഗ സംഘം കേരളത്തിലെത്തിയത്. ഷൂട്ടിങ്ങിന് മുന്നോടിയായി ലൊക്കേഷൻ കാണാനും വിലയിരുത്താനുമായി സംഘം ഈ പാറമടയിൽ എത്തുകയായിരുന്നു.പരസ്യത്തിലെ പ്രധാന മോഡലായ ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു പാറമടയിലെ വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആൾ മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ ദിയാൻഷു പെട്ടെന്ന് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോവുകയായിരുന്നു.
വിലക്ക് ലംഘിച്ചുള്ള പ്രവേശനം മുൻപും പല യുവാക്കളും മുങ്ങിമരിച്ചിട്ടുള്ള അതീവ അപകടമേഖലയായതിനാലാണ് ഈ പാറമടയിലേക്കുള്ള പ്രവേശനം അധികൃതർ നേരത്തെ നിരോധിച്ചിരുന്നത്.അതീവ അപകടകരമായ ഭൂപ്രകൃതി നൂറിലധികം അടി താഴ്ചയുള്ളതും പല തട്ടുകളായി കിടക്കുന്നതുമായ പാറമടയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.മൃതദേഹം കണ്ടെത്തിയത് 30 അടി താഴെ നിന്ന് വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ‘പാതാളക്കരണ്ടി’ ഉപയോഗിച്ച് നടത്തിയ ദീർഘനേരത്തെ തെരച്ചിലിനൊടുവിൽ ഏകദേശം 30 അടി താഴ്ചയിൽ നിന്നാണ് ദിയാൻഷുവിനെ കണ്ടെത്തിയത്.ഉടൻ തന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.