
ആഗ്ര : ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഖതൗലിയിൽ ഒരേ വധുവിനെ വിവാഹം കഴിക്കാൻ രണ്ട് വരന്മാർ ഒരേസമയം എത്തിയതിനെത്തുടർന്ന് സംഘർഷം. ഒടുവിൽ വധുവിന് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരത്തെത്തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈനും പൊലീസും ഇടപെട്ടതോടെ വിവാഹം മുടങ്ങി. ഷംലി, മീററ്റ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വരന്മാരാണ് ഒരേ ദിവസം വധുവിന്റെ ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്രയുമായി എത്തിയത്.
ഷംലി സ്വദേശിയായ പ്രദീപ് കുമാറുമായി (20) ആറ് മാസം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസം (തിങ്കളാഴ്ച) പ്രദീപിന്റെ സഹോദരൻ മരണപ്പെട്ടു. ഇതോടെ നിശ്ചയിച്ച പ്രകാരം വിവാഹം നടക്കുമോ എന്ന കാര്യത്തിൽ വരന്റെ വീട്ടുകാരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചില്ല. പെൺകുട്ടിയുടെ കുടുംബം തിങ്കളാഴ്ച വൈകുന്നേരത്തോടെ മീററ്റ് സ്വദേശിയായ ആകാശ് എന്ന മറ്റൊരാളുമായി പെട്ടെന്ന് വിവാഹം ഉറപ്പിച്ചു.
ഇതോടെ വിവാഹ ദിനം രണ്ട് വരന്മാരും എത്തി. ഇത് കുടുംബങ്ങൾക്കിടയിൽ തർക്കത്തിനും ഗ്രാമത്തിൽ ആശയക്കുഴപ്പത്തിനും കാരണമായി. ബാലവിവാഹ സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഹാജരാക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല.
തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയെ സുരക്ഷിതമായി വൺ-സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. തുടർനടപടികൾക്കായി പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കുമെന്നും ഔദ്യോഗിക വൈദ്യപരിശോധനയിലൂടെ പ്രായം നിർണ്ണയിക്കുമെന്നും അധികൃതർ അറിയിച്ചു.