Banner Ads

സിപിഎമ്മിൽ കനൽ പുകയുന്നു; പിണറായിക്കും ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളിൽ പടയൊരുക്കം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളിൽ രൂക്ഷവിമർശനം. പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെയും ഒപ്പം കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെയും കടുത്ത അമർഷമാണ് യോഗങ്ങളിൽ ഉയർന്നത്.

ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ കണ്ണൂർ ലോബിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അതിനാൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉടനടി പിരിച്ചുവിടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

ഉടുമ്പൻചോലയിൽ ജനപ്രിയ നേതാവായ എം എം മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അനാവശ്യ ഇടപെടൽ മൂലമാണെന്ന് വിമർശനമുയർന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ വേണ്ടിയാണ് മണിയെ മാറ്റിയത്. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോൾ എം എം മണിയെ മാത്രം തഴഞ്ഞത് ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.

ഉടുമ്പൻചോലയിലെ തോൽവിക്ക് എൽ ഡി എഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ (എം) വോട്ടുകൾ ചോർന്നതും കാരണമായി. ഇതേ വോട്ട് ചോർച്ചയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പരാജയത്തിലേക്ക് നയിച്ചതെന്നും വിലയിരുത്തലുണ്ടായി. കൂടാതെ, പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായും ജില്ലാ കമ്മിറ്റിയിൽ ആരോപണമുയർന്നു.