
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അസാധാരണമായ പടയൊരുക്കവും രൂക്ഷവിമർശനവും. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലാ കമ്മിറ്റികളിലാണ് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും മുഖ്യമന്ത്രിയുടെ ശൈലിയും അക്കമിട്ട് നിരത്തി അംഗങ്ങൾ രംഗത്തെത്തിയത്. എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം വരെ യോഗങ്ങളിൽ ഉയർന്നു കഴിഞ്ഞു.
കണ്ണൂർ പാർട്ടിയിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളും വിവാദങ്ങളുമാണ് സംസ്ഥാനത്താകെ പാർട്ടി തകർന്നടിയാൻ കാരണമായതെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമുയർന്നു.തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി. ഗോവിന്ദനെ മാറ്റണം.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ഉടുമ്പൻചോലയിൽ ജനപ്രിയ നേതാവായ എം.എം. മണിയെ സ്ഥാനാർത്ഥിയാക്കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാണ് കനത്ത തിരിച്ചടിയായതെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി വിലയിരുത്തി.മറ്റുള്ള പല നേതാക്കൾക്കും രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എം.എം. മണിയെ മാത്രം തഴഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ മണിയെ മാറ്റിയത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായി.
കേരള കോൺഗ്രസ് (എം) വോട്ടുകൾ വ്യാപകമായി ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിക്ക് ഇടയാക്കിയത്. പീരുമേട്ടിൽ ചില സി.പി.ഐ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നതായും കമ്മിറ്റിയിൽ ആക്ഷേപമുയർന്നു.തോൽവിയെച്ചൊല്ലി താഴെത്തട്ടിൽ വരെ പാർട്ടിയിൽ വൻ പൊട്ടിത്തെറിയാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും ഈ വിഷയം കനത്ത പുകിലിന് വഴിവെക്കുമെന്നാണ് സൂചന.