
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുന്നക്കപ്പാറ സ്വദേശി ഉബൈദിന്റെ മകൻ അമാൻ (13) ആണ് കഴിഞ്ഞദിവസം അപകടത്തിൽ മരണപ്പെട്ടത്. കളിസ്ഥലത്ത് വെച്ച് സ്ഫോടനം നടക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പടക്കത്തിൽ നിന്ന് മരുന്ന് ശേഖരിച്ച് കളിക്കുന്നതിനിടെയാണ് വൻ സ്ഫോടനമുണ്ടായതെന്നാണ് വിവരം. അപകടം നടക്കുന്ന സമയത്ത് ഗ്രൗണ്ടിൽ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന അമാൻ, പടക്കത്തിന്റെ മരുന്നിന് തീ കൊടുത്തതിന് തൊട്ടുപിന്നാലെ വലിയ തോതിൽ പുകയും തീയും ഉയരുന്നതും സ്ഫോടനം ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കുട്ടിയുടെ കൈകൾക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.