
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് നമ്പർ അനുവദിച്ചപ്പോൾ പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട. ടൂറിസം വകുപ്പ് ഇന്നലെ പതിമൂന്നാം നമ്പർ വാഹനം തയ്യാറാക്കി നിർത്തിയിരുന്നെങ്കിലും മന്ത്രിമാരാരും ഇത് ഏറ്റെടുക്കാൻ തയ്യാറായില്ല. ആരും ആവശ്യപ്പെടാത്തതിനാലാണ് ഈ നമ്പർ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മുൻ യുഡിഎഫ് സർക്കാരുകളുടെ കാലത്തും പതിമൂന്നാം നമ്പർ വാഹനം മന്ത്രിമാർ ഒഴിവാക്കിയിരുന്നു. അശുഭമാണെന്ന അന്ധവിശ്വാസം കാരണമാണ് 13 എന്ന നമ്പർ പലരും ഒഴിവാക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് മന്ത്രിമാർ ഈ നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. കഴിഞ്ഞ പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി പ്രസാദ് പതിമൂന്നാം നമ്പർ കാറിലാണ് സഞ്ചരിച്ചത്.
ആദ്യ പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ ടിഎം തോമസ് ഐസക് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി സഞ്ചരിച്ചതും പതിമൂന്നാം നമ്പർ വാഹനത്തിലായിരുന്നു. നിലവിൽ മന്ത്രിമാർക്ക് നൽകിയിരിക്കുന്ന വാഹന നമ്പറുകൾ താൽക്കാലികമാണ്.
51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 11 വേണമെന്ന് കെ മുരളീധരനും 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഇരുപത്തൊന്നാം നമ്പർ വാഹനത്തിലാണ് ചെന്നിത്തല സഞ്ചരിച്ചത്.