Banner Ads

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസ്: അന്വേഷിക്കാൻ പ്രത്യേക സംഘം ഇന്ന് രംഗത്തേക്ക്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (SIT) പ്രഖ്യാപിച്ച് ഇന്ന് ഉത്തരവിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം കേസ് അന്വേഷിക്കുക. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടത്.

അന്ന് മർദ്ദനമേറ്റവരിൽ ആലപ്പുഴ നിയുക്ത എം.എൽ.എ എ.ഡി. തോമസ് അടക്കമുള്ള നേതാക്കളുണ്ട്.നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിച്ചെന്ന് കാട്ടി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടന്ന ആദ്യഘട്ട പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച കോടതി കേസിൽ പുനരന്വേഷണം വേണമെന്നും ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുന്നത്.