ബെംഗളൂരു : കർണാടക ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കിട്ടിയ ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഡിഎൻഎ ഫലം വന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ തുടങ്ങും. ഇനി സാങ്കേതിക നടപടികള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.
അർജുനുമായെത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത് കർണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ്. കാർവാർ എംഎല്‍എ സതീഷ് സെയില്‍ ആംബുലൻസിനെ അനുഗമിച്ചുണ്ടാവും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുമതി കൂടി കിട്ടിയാല്‍ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കുന്നുണ്ടാവും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈല്‍ ഫ്രീസറും ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.
ലോറി ഉടമ മനാഫും സംഘവും ഇന്നലെ രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. അർജുന്റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസില്‍ മൃതദേഹത്തെ അനുഗമിച്ചുണ്ടാവും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കർണാടക പൊലീസിന്റെ സുരക്ഷയോടെ കൂടിയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുന്നത്.