Banner Ads

രാഹുൽ ഗാന്ധിക്ക് വേദിയില്ല; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോട്ടോക്കോൾ തർക്കം മൂർച്ഛിക്കുന്നു, നിലപാട് കടുപ്പിച്ച് രാജ്ഭവൻ

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ വേദിയിലെ പ്രോട്ടോക്കോളിനെച്ചൊല്ലി രാജ്ഭവനും സർക്കാരും തമ്മിൽ തർക്കം. നാളെ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ മാത്രമേ പാടുള്ളൂവെന്ന് രാജ്ഭവൻ കർശന നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പൊതുഭരണ വകുപ്പ് ഗവർണറെ അറിയിച്ചിരുന്നു.

എന്നാൽ ഇതിനെതിരെയാണ് രാജ്ഭവൻ നിലപാട് കടുപ്പിച്ചത്. തമിഴ്‌നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി വേദി പങ്കിട്ടത് ചൂണ്ടിക്കാണിച്ചെങ്കിലും കേരളത്തിൽ അതിന് അനുമതി നൽകാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. അതേസമയം വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അന്തിമ അധികാരം ഗവർണർക്കാണെന്ന് പൊതുഭരണ വകുപ്പും വ്യക്തമാക്കി. നാളത്തെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ നാളെ തിരുവനന്തപുരത്ത് എത്തും.

സ്റ്റേഡിയത്തിലേക്ക് നാല് ഗേറ്റുകൾ വഴിയാണ് പ്രവേശനം. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് പൊതുജനങ്ങളെ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തിൽ കയറാൻ കഴിയാത്തവർക്കായി നഗരത്തിലെ ആറ് കേന്ദ്രങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിച്ച് ചടങ്ങ് തത്സമയം കാണിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞ പ്രമാണിച്ച് നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് നാല് മണി വരെ തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷാ-ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു.