Banner Ads

മട്ടന്നൂരിൽ അർദ്ധരാത്രി ബോംബേറ് ഭീതി; കോൺഗ്രസ് പ്രവർത്തകന്റെ വീട് തകർത്തു

കണ്ണൂർ : മട്ടന്നൂർ ഏളനൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ അർദ്ധരാത്രിയിൽ സ്ഫോടകവസ്തു എറിഞ്ഞു. ഏളനൂർ സ്വദേശിയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമായ രാമകൃഷ്ണന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. ബോംബേറിൽ വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലുകളും വാതിലുകളും തകരുകയും സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായത്.

വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു അക്രമികൾ സ്ഫോടകവസ്തു എറിഞ്ഞത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.