
തിരുവനന്തപുരം : പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചു. നാളെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് നാല് മണി വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക.
സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം പാസ് മുഖേന മാത്രമായിരിക്കും. നാല് ഗേറ്റുകൾ വഴിയാണ് പ്രവേശനം അനുവദിക്കുക. രാവിലെ 8 മണി മുതൽ ആളുകളെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. അതിനുശേഷമേ മറ്റുള്ളവർക്ക് പ്രവേശനം നൽകൂ.
രാവിലെ 8 മണിക്ക് മുൻപായി തന്നെ ആളുകൾ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിയോടെ സ്റ്റേഡിയത്തിന്റെ ഗേറ്റുകളും സമീപത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപി വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം കാണുന്നതിനായി നഗരത്തിലെ ആറ് കേന്ദ്രങ്ങളിൽ വലിയ എൽഇഡി വാളുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിനെത്തുന്നവർക്കായി ഓരോ ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മന്ത്രിമാർ ലോക്ഭവനിലേക്ക് പോകും. തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പാലോട് രവി അറിയിച്ചു.