
കോഴിക്കോട് : കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എട്ട് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനോ ഇന്ധന ടാങ്കിനോ യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ല.
കൂടുതൽ വ്യക്തതയ്ക്കായി കാറിലെ അവശിഷ്ടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണ സംഭവം. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ചെറുവണ്ണൂർ കക്കറ മുക്കിലെ റോഡിൽ വെച്ച് പെട്ടെന്ന് കത്തിയമർന്നത്.
വീട്ടിലെത്താൻ വെറും അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറയുന്നു. കാറിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് ഇവരെ പുറത്തെടുത്തത്. എട്ട് മാസം ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
60 ശതമാനത്തോളം പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സോനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പാലേരിയിലെ വീട്ടിലെത്തിച്ച് ഇന്നലെ സംസ്കരിച്ചു.