Banner Ads

വി.ഡി. സതീശൻ മുഖ്യമന്ത്രി; അവഗണനയിൽ അമർഷം രേഖപ്പെടുത്തി രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്. എന്നാൽ, ഈ തീരുമാനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്.പാർട്ടിയിൽ അച്ചടക്കം പാലിച്ചിട്ടും തന്നെ നിരന്തരം അവഗണിക്കുകയാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

സീനിയോരിറ്റി പരിഗണിക്കാതെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതിന്റെ ഭാഗമായി, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചെന്നിത്തല അംഗമായേക്കില്ലെന്നാണ് സൂചനകൾ നൽകുന്നത്.മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വി.ഡി. സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ തിരുവനന്തപുരത്ത് യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം ചേരും.

ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും.നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് യു.ഡി.എഫ് നീക്കം. ഘടകകക്ഷികളുടെ പിന്തുണക്കത്തും ഇന്ന് തന്നെ ഗവർണർക്ക് കൈമാറിയേക്കും.