Banner Ads

“വ്യക്തിയല്ല, ജനങ്ങളാണ് പ്രധാനം”; വി.ഡി. സതീശനെ പിന്തുണച്ച് കെ.സി. വേണുഗോപാൽ

ദില്ലി: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വ്യക്തികളേക്കാൾ ഉപരി പാർട്ടിയും ജനങ്ങളുമാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനും വരാനിരിക്കുന്ന പുതിയ സർക്കാരിനും തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ദില്ലിയിൽ വാർത്താലേഖകരോട് വ്യക്തമാക്കി. ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. കേരളത്തിലെ കാര്യമായതിനാലാണ് ഔദ്യോഗിക പ്രഖ്യാപനത്തിൽ നിന്നും മാറിനിന്നത്.താൻ എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായി തുടരും. ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണമായിരിക്കും സതീശന്റെ നേതൃത്വത്തിൽ കേരളത്തിലുണ്ടാകുക.

തന്നെ പിന്തുണച്ചവർ ഈ തീരുമാനം ഉൾക്കൊള്ളണം. വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്ക് അത് തുടരാം, അതെല്ലാം സഹിക്കാൻ താൻ തയ്യാറാണ്.വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന സന്ദേശമാണ് കെ.സി. വേണുഗോപാൽ നൽകിയത്. അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദമാണോ ഈ തീരുമാനത്തിന് പിന്നിലെന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.