
ദില്ലി : കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. താനെന്നും അടിയുറച്ച ഒരു കോൺഗ്രസ് പ്രവർത്തകനാണെന്നും വ്യക്തികളേക്കാൾ വലുത് പാർട്ടിയും ജനങ്ങളുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല. ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. കേരളത്തിലെ വിഷയമായതിനാലാണ് പ്രഖ്യാപനത്തിൽ നിന്നും മാറിനിന്നത്. സതീശന് ഹൃദയം തുറന്ന അഭിനന്ദനങ്ങൾ നേരുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
മുഖ്യമന്ത്രിയായി വി ഡി സതീശനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണച്ചവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കുന്നവർക്ക് ഇനിയും സധൈര്യം തുടരാമെന്നും എല്ലാ ആക്ഷേപങ്ങളും താൻ സഹിച്ചോളാമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.