
കാസർകോട് : പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് സ്കൂൾ അധ്യാപകൻ മരിച്ചു. ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.
ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുകയായിരുന്നു വിജയൻ മാസ്റ്റർ. ഇതിനിടെ മൺപുറ്റിനുള്ളിൽ കൂട് കൂട്ടിയ കടന്നലുകൾ ഇളകി വന്ന് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. ഇവർ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.