
കൊച്ചി : ആലുവയിലെ ശുദ്ധീകരണ പ്ലാന്റിലെ അടിയന്തര അറ്റകുറ്റപ്പണികളെത്തുടർന്ന് കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല.
കാലവർഷത്തിന് മുന്നോടിയായി ആലുവ ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായുള്ള മുൻകൂർ ക്രമീകരണങ്ങളാണ് നടക്കുന്നത്. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂർ, മുളകുകാട്, എളങ്കുന്ന്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളിലും ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച അറ്റകുറ്റപ്പണികൾ വൈകിട്ട് ആറ് മണിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലവിതരണം പൂർണ്ണതോതിൽ എത്താൻ വ്യാഴാഴ്ച (നാളെ) ഉച്ചവരെ കാത്തിരിക്കേണ്ടി വരുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. അതിനാൽ ഉപഭോക്താക്കൾ വെള്ളം കരുതി വെക്കണമെന്നും മിതമായി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.