
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കടുത്ത വേനലിൽ പീക്ക് സമയത്തെ ഉപഭോഗം 6000 മെഗാവാട്ട് കടന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച 5684 മെഗാവാട്ടായി താഴ്ന്നു. ശനിയാഴ്ചത്തെ വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ചൂട് കനത്ത സമയത്ത് 100 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്. ശനിയാഴ്ച 73.25 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്. നേരത്തെ 90 ദശലക്ഷം യൂണിറ്റിലും അധികമായിരുന്നു. വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഡാമുകളിലെ ജലനിരപ്പിൽ ഇതുവരെ വർദ്ധനവ് ഉണ്ടായിട്ടില്ല.