
കുവൈത്ത് സിറ്റി : കുവൈത്തിൽ വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ഇനി സർക്കാർ സേവന ആപ്പായ സഹേൽ വഴി സമർപ്പിക്കാം. വിമാനം വൈകൽ, ബാഗേജ് നഷ്ടം, വിമാനം റദ്ദാക്കൽ, ബുക്കിംഗ് റദ്ദാക്കൽ, യാത്രാസമയ മാറ്റം, ബോർഡിംഗ് നിഷേധിക്കൽ, സാമ്പത്തിക ആവശ്യങ്ങൾ, പാക്കേജ് ടൂർ പ്രശ്നങ്ങൾ, ഡമ്മി ബുക്കിംഗുകൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ സഹേൽ ആപ്പിലൂടെ നൽകാമെന്ന് ഡിജിസിഎ അറിയിച്ചു.
യാത്രക്കാരും വ്യോമയാന അതോറിറ്റികളും തമ്മിലുള്ള ആശയവിനിമയം സുതാര്യമാക്കുകയാണ് ഈ നീക്കത്തിലൂടെ ഡിജിസിഎ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ ഭാഗമായി പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതോടെ നടപടികൾ കൂടുതൽ വേഗത്തിലാകും. യാത്രക്കാർക്ക് അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ വൈകാതെ തന്നെ സഹേൽ ആപ്പിലൂടെ കൃത്യമായ തെളിവുകൾ സഹിതം പരാതി നൽകാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.