
നെടുമ്പാശ്ശേരി : ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു. കാസർഗോഡ് ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ അത്താണി എയർപോർട്ട് വിഐപി റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള വളവിൽ വെച്ചായിരുന്നു അപകടം.
ഇഷാനയും സുഹൃത്ത് സർഫാത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇഷാന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കാസർഗോഡ് സ്വദേശി സർഫാത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
കാർ ഓടിച്ചിരുന്നത് അരൂർ സ്വദേശിയായ 17കാരനാണെന്ന് കണ്ടെത്തി. കുടുംബാംഗങ്ങൾക്കൊപ്പം അത്താണിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാൾ. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇഷാനയ്ക്ക് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാസർഗോഡ് യുണൈറ്റഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന. മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് ഇഷാന എറണാകുളത്തേക്ക് എത്തിയത്.
പരേതനായ അബൂബക്കറിന്റെയും നഫീസയുടെയും മകളാണ് ഇഷാന. മുഹമ്മദ് ഇജ്ജാസ് (ബെംഗളൂരു), അബ്ദുൾ ഇനാസ്, അഹമ്മദ് ഇംത്യാസ് എന്നിവർ സഹോദരങ്ങളാണ്. അങ്കമാലി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.