
പെരുമ്പാവൂർ : സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ കോടതി ഉത്തരവ് ലംഘിച്ച സർക്കാരിനെതിരെ കർശന നടപടിയുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുമ്പാവൂർ-മൂവാറ്റുപുഴ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകളിൽ നിന്നുള്ള മലിനജലവും പാഴ്വസ്തുക്കളും പുല്ലുവഴിയിലെ വില്ലേജ് ഓഫീസിനും പികെവി സ്മാരക ട്രസ്റ്റിനും ഇടയിലുള്ള സർക്കാർ സ്ഥലം വഴി സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് ഒഴുക്കിവിടുകയായിരുന്നു. സംസ്ഥാന സർക്കാർ, മൂവാറ്റുപുഴ കെ എസ് ടി പി, പി ഡബ്ല്യു ഡി റോഡ് സബ് ഡിവിഷനുകൾ എന്നിവരെ പ്രതികളാക്കിയാണ് സ്ഥലമുടമ ഹർജി നൽകിയത്.
മലിനജലം ഒഴുക്കിവിടുന്നത് തടഞ്ഞുകൊണ്ട് മുൻസിഫ് കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. സബ് കോടതിയും ഹൈക്കോടതിയും ഈ വിധി ശരിവെക്കുകയും ചെയ്തു. കോടതി വിധി ലംഘിച്ച് വീണ്ടും മലിനജലം ഒഴുക്കിവിട്ടതോടെയാണ് ഹർജിക്കാരി 2025ൽ വീണ്ടും കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തുകയും കോടതി വിധി ലംഘിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു.