
അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വം മറികടക്കാൻ ഭാരതം കർശനമായ കരുതൽ നടപടികളിലേക്ക് നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി രാജ്യവ്യാപകമായി ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
വർക്ക് ഫ്രം ഹോം & ഓൺലൈൻ പഠനം: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ-സ്വകാര്യ ഓഫീസുകൾ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറണം. മീറ്റിംഗുകൾ വെർച്വലായി നടത്തണം. സ്കൂളുകൾ താത്കാലികമായി ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ധന നിയന്ത്രണം: വാഹനങ്ങളിൽ പരമാവധി ആളുകൾ ഒന്നിച്ചു യാത്ര ചെയ്യുക (കാർ പൂളിംഗ്), പൊതുഗതാഗത സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ ഉപയോഗിക്കുക എന്നിവ വഴി എണ്ണ ഉപഭോഗം കുറയ്ക്കണം.
സ്വർണ്ണ ഇറക്കുമതിക്ക് നിയന്ത്രണം: സ്വർണ്ണത്തിനായി രാജ്യം വലിയ തുക വിദേശത്തേക്ക് ഒഴുക്കുന്നത് ഒഴിവാക്കാൻ നിലവിലെ സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി മാറ്റിവെക്കണം.
തദ്ദേശീയ ഉൽപ്പന്നങ്ങൾ: വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കണം.ഇന്ത്യയുടെ ഇറക്കുമതിയിൽ വലിയൊരു ശതമാനം ക്രൂഡ് ഓയിലാണ്. നിലവിലെ യുദ്ധം എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതും സാധനങ്ങളുടെ വില കുത്തനെ ഉയർന്നതുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി.
എണ്ണ വിതരണം ചെയ്യുന്ന മേഖലകൾ സംഘർഷഭരിതമായതിനാൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ രാജ്യതാൽപ്പര്യാർത്ഥം എല്ലാവരും സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ആഗോള വിതരണ ശൃംഖല തകരാറിലായ സാഹചര്യത്തിൽ സ്വയംപര്യാപ്തതയിലൂടെയും കരുതലിലൂടെയും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.