Banner Ads

പരിഹാസങ്ങൾ അവസാനിച്ചു; ഇനി വീട്ടിൽ അഞ്ച് കുഞ്ഞുങ്ങളുടെ ചിരി, ബെദ്രിയ ആദത്തിന് ഇത് സ്വപ്നസാഫല്യം

ഹരാരി (എത്യോപ്യ) : കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടേണ്ടി വരുന്ന പരിഹാസങ്ങൾക്കും ചോദ്യങ്ങൾക്കും കണ്ണുനീരോടെ മറുപടി നൽകുന്നവർക്കിടയിൽ വിസ്മയമായി മാറുകയാണ് ബെദ്രിയ ആദം എന്ന 35കാരി. 12 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബെദ്രിയ ഒരേസമയം അഞ്ചു കുട്ടികൾക്കാണ് ജന്മം നൽകിയത്.

നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഈ ദമ്പതികളുടെ ജീവിതത്തിലേക്ക് അനുഗ്രഹമായി എത്തിയത്. ബെദ്രിയയുടെ പ്രസവം വൈദ്യശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം വലിയൊരു അത്ഭുതമാണ്. വന്ധ്യതാ ചികിത്സകളുടെ സഹായമില്ലാതെ സ്വാഭാവികമായ രീതിയിലാണ് ബെദ്രിയ ഗർഭം ധരിച്ചത്.

ഇത്തരം ചികിത്സകളില്ലാതെ അഞ്ചു കുട്ടികൾ ജനിക്കാനുള്ള സാധ്യത 5.5 കോടിയിൽ ഒന്നു മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എത്യോപ്യയിലെ ഹിവോട്ട് ഫാന സ്പെഷ്യലൈസ്ഡ് ആശുപത്രിയിലായിരുന്നു സിസേറിയനിലൂടെയുള്ള പ്രസവം. ജനിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് 1.3 കിലോഗ്രാം മുതൽ 1.4 കിലോഗ്രാം വരെയായിരുന്നു തൂക്കം. അമ്മയും അഞ്ചു കുഞ്ഞുങ്ങളും പൂർണ്ണാരോഗ്യത്തോടെയിരിക്കുന്നു.

ഒരു കിലോയ്ക്ക് മുകളിൽ തൂക്കമുള്ളതിനാൽ കുഞ്ഞുങ്ങൾ അതിജീവനത്തിന് ഉയർന്ന സാധ്യതയുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡോ മുഹമ്മദ് നൂർ അബ്ദുല്ലാഹി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ദമ്പതികൾ. വർഷങ്ങളോളം കാത്തിരുന്നവർക്ക് ഒരേസമയം അഞ്ചു കുട്ടികളെ ലഭിച്ചത് ദൈവാനുഗ്രഹമാണെന്ന് ബെദ്രിയ സന്തോഷത്തോടെ പങ്കുവെച്ചു.