Banner Ads

കേരളത്തിൽ മുഖ്യമന്ത്രി ക്ലൈമാക്സ്; കണ്ണൂരിൽ കൈകോർത്ത് സുധാകരനും കെസിയും, നേതാക്കൾ ദില്ലിയിലേക്ക്

കണ്ണൂർ : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് അറിയാനുള്ള ആകാംക്ഷകൾക്കിടെ, കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. കണ്ണൂരിൽ കെ സുധാകരന്റെ വസതിയിൽ കെസി വേണുഗോപാൽ-കെ സുധാകരൻ പക്ഷങ്ങൾ സംയുക്ത യോഗം വിളിച്ചു.

ഹൈക്കമാൻഡ് ചർച്ചകൾക്കായി മുതിർന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സഖ്യ യോഗം എന്നതും ശ്രദ്ധേയമാണ്. കെ മുരളീധരൻ, കെ സുധാകരൻ, എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് വിളിപ്പിച്ചത്.

മുഖ്യമന്ത്രി ചർച്ചകളിൽ ഒന്നിച്ചു നിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരിലെ നേതാക്കൾ സുധാകരന്റെ വീട്ടിൽ ഒത്തുകൂടുന്നത്. കെസി വേണുഗോപാൽ പക്ഷക്കാരും സുധാകരൻ അനുകൂലികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിനാണ് നിലവിൽ മുന്‍തൂക്കമുള്ളത്.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. വിവാദങ്ങൾ ഒഴിവാക്കാൻ ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ദില്ലിയിലെ ചർച്ചകൾക്ക് ശേഷം നിയമസഭാ കക്ഷി യോഗം വിളിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നീക്കം.