
കാഠ്മണ്ഡു : നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഇസ്താംബൂളിൽ നിന്നെത്തിയ ടർക്കിഷ് എയർലൈൻസ് വിമാനമാണ് (TK 726) അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും എമർജൻസി വാതിലുകൾ വഴി സുരക്ഷിതമായി പുറത്തിറങ്ങി.
ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. യാത്രക്കാരിൽ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നതായാണ് വിവരം.
വിമാനത്തിന്റെ അടിഭാഗത്ത് നിന്നും കറുത്ത പുക ഉയരുന്നതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് ത്രിഭുവൻ വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ യാത്ര വൈകുകയോ ചെയ്തു.