
കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിൽ പുനരധിവാസ നടപടികൾ രണ്ടാം ഘട്ടത്തിലേക്ക്. നിർമ്മാണം പൂർത്തിയായ 30 വീടുകൾ കൂടി ഇന്ന് സാങ്കേതികമായി കൈമാറും.
ഇതോടെ കൈമാറുന്ന വീടുകളുടെ എണ്ണം 113 ആയി ഉയരും. നേരത്തെ 83 വീടുകൾ കൈമാറിയിരുന്നു. വീടുകളുടെ സാങ്കേതിക കൈമാറ്റം നടക്കുന്നുണ്ടെങ്കിലും ആരും തന്നെ ഇതുവരെ താമസം ആരംഭിച്ചിട്ടില്ല. 178 വീടുകളുടെയും നിർമ്മാണം പൂർത്തിയായ ശേഷം എല്ലാവരും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാൽ മതിയെന്നാണ് ദുരന്തബാധിതരുടെ കൂട്ടായ തീരുമാനം.
മഴക്കാലം തുടങ്ങുന്നതിന് മുൻപ് എല്ലാ വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. അതേസമയം ഈ മാസം അവസാനത്തോടെ തന്നെ നിശ്ചയിച്ചിട്ടുള്ള 178 വീടുകളുടെയും പണി പൂർത്തിയാക്കുമെന്ന് നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉറപ്പുനൽകി.