
തൃശൂര്‍: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വിറകിന് ആവശ്യകതയേറുന്നു. ഹോട്ടലുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പാചകത്തിനായി വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ വിറക് വിലയിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.ദീർഘനേരം കനൽ നിൽക്കുമെന്നതിനാൽ വാളമ്പുളി (കോൽ പുളി) വിറകിനാണ് ആവശ്യക്കാർ ഏറെ. എന്നാൽ ഇതിന്റെ ലഭ്യത കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഗ്യാസ് ക്ഷാമത്തിന് മുമ്പ് 10 കിലോയ്ക്ക് 60 രൂപയായിരുന്ന വാളമ്പുളി വിറകിന് ഇപ്പോൾ 80 രൂപയായി ഉയർന്നു. തൃശൂർ ഉൾപ്പെടെയുള്ള ചില മേഖലകളിൽ വില ഇതിനകം 100 രൂപ കടന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.പുളിമരങ്ങൾ വ്യാപകമായി നട്ടുപിടിപ്പിക്കാത്തതും ഉള്ളവ തന്നെ വെട്ടിത്തീരുന്നതുമാണ് പ്രധാന പ്രതിസന്ധി. ഹോട്ടലുകൾ വലിയ തോതിൽ വിറക് വാങ്ങിക്കൂട്ടുന്നത് വീടുകളിലേക്കുള്ള വിറക് ലഭ്യതയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
പാചകവാതക വിതരണം ഉടൻ സാധാരണ നിലയിലായില്ലെങ്കിൽ വരാനിരിക്കുന്ന മഴക്കാലത്ത് വിറക് കിട്ടാക്കനിയാകുമെന്ന ആശങ്ക വ്യാപാരികൾ പങ്കുവെക്കുന്നു. വിറക് നനയുന്നതോടെ ഹോട്ടലുകളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടേക്കാം.വിറക് ക്ഷാമത്തിനിടയിലും വ്യാപാരികൾക്ക് ഏക ആശ്വാസം വിറക് പൊളിക്കൽ യന്ത്രങ്ങളുടെ ലഭ്യതയാണ്. ആൾക്ഷാമം പരിഹരിക്കാൻ ഇത്തരം യന്ത്രങ്ങൾ സഹായിക്കുന്നുണ്ട്. മണിക്കൂറിന് ഏകദേശം 700 രൂപയാണ് ഈ യന്ത്രങ്ങളുടെ വാടകയിനത്തിൽ ഈടാക്കുന്നത്.