Banner Ads

ലോകത്ത് ഹാന്‍റ വൈറസ് ഭീതി; വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാന്‍റ വൈറസ്  ബാധ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ കുവൈത്തിൽ കർശന ജാഗ്രത. രാജ്യത്ത് നിലവിൽ വൈറസ് ബാധയോ സംശയാസ്പദമായ കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ നടപടികൾ സജ്ജമാണെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.

വിമാനത്താവളങ്ങളിലും അതിർത്തി കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കി. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തെ ആരോഗ്യ സുരക്ഷാ സംവിധാനം സജ്ജമാണെന്നും അധികൃതർ അറിയിച്ചു. പ്രധാനമായും എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന വൈറസാണിത്.

എലികളുടെ വിസർജ്യം, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന ഒന്നല്ല ഇത്. രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരാൻ സാധ്യതയുള്ളൂ. ശ്വാസകോശത്തെയും വൃക്കകളെയുമാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്.

പനി, ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് പുറപ്പെട്ട ഒരു കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലം യാത്രക്കാരൻ മരിച്ചതോടെയാണ് ഹാന്‍റ വൈറസ് വീണ്ടും ചർച്ചയായത്. എന്നാൽ ആദ്യമരണം സ്വാഭാവിക മരണം എന്ന് കരുതി പ്രതിരോധ നടപടികൾ വൈകിയത് വ്യാപനത്തിന് കാരണമായതായി ആരോപണമുണ്ട്.

കേപ് വെർഡെ തീരത്തുള്ള ഈ കപ്പൽ നിലവിൽ നിരീക്ഷണത്തിലാണ്. വിവിധ തുറമുഖങ്ങളിൽ ഈ കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ തുടരുന്നു. പൊതുജനങ്ങൾക്ക് നിലവിൽ വലിയ ഭീഷണിയില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടനയും കുവൈത്ത് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.