Banner Ads

കൊച്ചിയിൽ യുവതിക്ക് നേരെ ആക്രമണം: കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ.

കൊച്ചി: നഗരമധ്യത്തിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ രണ്ട് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ അരൂർ സ്വദേശി സഞ്ജയ് നിലവിൽ ഒളിവിലാണ്.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും മദ്യലഹരിയിലായിരുന്ന പ്രതികൾ വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ഹോട്ടലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം.

എന്നാൽ പ്രതികളുടെ പിടിയിൽ നിന്നും യുവതി സാഹസികമായി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.യുവതി ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പ്രതികൾ പിടിയിലായത്. ഒളിവിൽ പോയ മുഖ്യപ്രതി സഞ്ജയിക്കായി സിറ്റി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ആൾൊഴിഞ്ഞ കെട്ടിടങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്.