
കൊച്ചി : മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ താരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി തള്ളി. കോഴിക്കോട് കോടതിയിൽ അപേക്ഷ നൽകാനാണ് നിർദ്ദേശം. പ്രണയം നടിച്ച് 2024 മുതൽ ഷിയാസ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് പുറമെ സാമ്പത്തികമായും വഞ്ചിച്ചതായി പരാതിയിലുണ്ട്.
തന്നിൽ നിന്ന് പണം തട്ടിയതായും എതിർത്തപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ആദ്യം പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എന്നാൽ സംഭവങ്ങൾ നടന്നത് കോഴിക്കോട് പരിധിയിലായതിനാൽ പോലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ഇത് പരിഗണിച്ചാണ് എറണാകുളം കോടതി ജാമ്യാപേക്ഷ നിരസിച്ചത്.