
കണ്ണൂർ : കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഉയരുന്ന ഫ്ലക്സ് ബോർഡുകളിൽ അതൃപ്തി അറിയിച്ച് പി ജയരാജൻ. പാർട്ടിക്കുള്ളിലെ വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്നും നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
തന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രവർത്തകർ സ്വമേധയാ നീക്കം ചെയ്യണം. നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി ശരിയല്ല. വിമർശനങ്ങൾ പാർട്ടി നേതൃത്വത്തെയാണ് അറിയിക്കേണ്ടത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വൈകാരിക പ്രതികരണങ്ങളിൽ നിന്ന് അണികൾ വിട്ടുനിൽക്കണം. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും പ്രതിഷേധ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
കുറുമാത്തൂരിന് പിന്നാലെ പാപ്പിനിശേരിയിലും എം സ്വരാജിനും പി ജയരാജനും പിന്തുണ പ്രഖ്യാപിച്ച് ബോർഡുകൾ ഉയർന്നു. എംവി ഗോവിന്ദന് പകരം സംസ്ഥാന സെക്രട്ടറിയായി എം സ്വരാജും, കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി ജയരാജനും വരണമെന്നാണ് അണികളുടെ ആവശ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മട്ടന്നൂരിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു.
അതേസമയം പാർട്ടി വിലക്കുള്ള തളിപ്പറമ്പ് നിയുക്ത എംഎൽഎ ടികെ ഗോവിന്ദനെ സ്വീകരിച്ച സംഭവത്തിൽ അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ കുടുംബം നിലപാടിൽ ഉറച്ചുനിൽക്കുന്നത് പാർട്ടിയെ കൂടുതൽ വെട്ടിലാക്കി. ടികെ ഗോവിന്ദനുമായി ആശയപരമായ എതിർപ്പ് മാത്രമേയുള്ളൂവെന്നും വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.