
കൊല്ലം: ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് തുണയാകാൻ ആശുപത്രിയിലെത്തിയ കൗമാരക്കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു സംഭവം. കാലിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് കൂട്ടിരിക്കുകയായിരുന്നു 15 വയസ്സുകാരനായ മകൻ. സംഭവത്തിൽ പ്രതിയെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയ്ക്ക് ചായ വാങ്ങാനായി വാർഡിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് ആശുപത്രിയിലെത്തിയ രണ്ടാനച്ഛൻ കുട്ടിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് ആശുപത്രി അധികൃതരും മറ്റും ഇടപെടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പുനലൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.ഇയാൾ മുൻപും പലതവണ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിട്ടുള്ളതായി അമ്മ വെളിപ്പെടുത്തി.കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവായിരുന്നു.മർദ്ദനം ഭയന്ന് പല രാത്രികളിലും അമ്മയും മകനും അയൽവീടുകളിലാണ് അഭയം തേടിയിരുന്നത്.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.