Banner Ads

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മന്നാർ കടലിടുക്കിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്ക്ക് കാരണം.

ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ-തെക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ഈ വേനൽമഴ വലിയൊരളവ് ആശ്വാസം പകരും.അടുത്ത കുറച്ച് ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.