Banner Ads

മത്സരിക്കുമ്പോഴും മനസ്സിൽ ആ മുഖം; വിജയത്തിന് പിന്നാലെ കോടിയേരിയുടെ വീട്ടിലെത്തി ടി കെ ഗോവിന്ദൻ

തലശേരി : തളിപ്പറമ്പ് മണ്ഡലത്തിലെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നിയുക്ത എംഎൽഎ ടികെ ഗോവിന്ദൻ. ഭാര്യ പികെ രമണിക്കൊപ്പമാണ് കോടിയേരിയുടെ സ്മരണ പുതുക്കാൻ എത്തിയത്.

രാഷ്ട്രീയത്തിനപ്പുറം കുടുംബവുമായുള്ള ദീർഘകാലത്തെ ആത്മബന്ധമാണ് സന്ദർശനത്തിന് പിന്നിലെന്ന് ടികെ ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമ്പോഴും മനസ്സിൽ കോടിയേരിയുടെ ചിത്രമായിരുന്നുവെന്ന് ടികെ ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിക്കുള്ളിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പത്രസമ്മേളനത്തിൽ അന്ന് കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഇങ്ങനെയൊരു പ്രശ്നം വരില്ലായിരുന്നു. ഏതൊരു വിഷമഘട്ടത്തിലും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാൽ എല്ലാ സങ്കടങ്ങളും തീരുമായിരുന്നു.

തന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ആ ബന്ധം ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്നും ടികെ ഗോവിന്ദൻ കൂട്ടിച്ചേർത്തു. ടി കെ ഗോവിന്ദനെ വര്‍ഗ വഞ്ചകനെന്ന് വിളിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിക്കതീതമായ ബന്ധമാണ് അദ്ദേഹവുമായുള്ളത്. സ്നേഹത്തോടെ നോക്കിയ ആളെ മറക്കാൻ കഴിയില്ല. അത് പാർട്ടിയായാലും മനുഷ്യനായാലും. ഈ വീട്ടിൽ കോടിയേരിയെ സ്നേഹിക്കുന്ന ആർക്കും വരാം. അവരെയെല്ലാം സ്വീകരിക്കുമെന്നും വിനോദിനി പറഞ്ഞു.

ഈ സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും ഇതിൽ മറ്റ് രാഷ്ട്രീയ മാനങ്ങൾ കാണേണ്ടതില്ലെന്നും കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയും വ്യക്തമാക്കി.