Banner Ads

ദളപതിക്ക് ഗവർണറുടെ ചെക്ക്; കോൺഗ്രസ് കൈകൊടുത്തിട്ടും കസേര കിട്ടാതെ വിജയ്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിൽ തരംഗമായി മാറിയ വിജയ്ക്ക് മുന്നിൽ ഭൂരിപക്ഷ കടമ്പയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. കോൺഗ്രസ് പിന്തുണയോടെ ഉടൻ അധികാരമേൽക്കാമെന്ന വിജയ്‌യുടെ കണക്കുകൂട്ടലുകൾക്കാണ് ഗവർണറുടെ പുതിയ നിലപാട് തിരിച്ചടിയായത്.

കേവല ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന കർശന നിലപാടിലാണ് ഗവർണർ. 234 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പിന്തുണയുൾപ്പെടെ 113 പേരുടെ ഒപ്പുകളടങ്ങിയ കത്താണ് വിജയ് ഗവർണർക്ക് നൽകിയത്.

അഞ്ച് പേരുടെ കുറവ് ചൂണ്ടിക്കാട്ടി ഗവർണർ സത്യപ്രതിജ്ഞാ അനുമതി തടഞ്ഞു. 118 പേരുടെ പിന്തുണ ഉറപ്പാക്കുന്ന പുതിയ കത്ത് ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഗവർണർ അറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. കൃത്യമായ ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്ഞ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാകുമോ എന്നാണ് പരിശോധിക്കുന്നത്.

അഞ്ച് എംഎൽഎമാരുടെ കൂടി പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സ്വതന്ത്രരെയോ മറ്റ് ചെറുപാർട്ടികളെയോ ഒപ്പം നിർത്തി ഭരണം ഉറപ്പിക്കാനാണ് പുതിയ നീക്കം.